2014, മേയ് 27, ചൊവ്വാഴ്ച

പരിശുദ്ധ ദിദിമോസ് വലിയ ബാവാ കാലം ചെയ്തു


പരുമല: മലങ്കര മെത്രാപ്പോലീത്തായും കിഴക്കിന്റെ കാതോലിക്കായുമായിരുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയ ബാവാ കാലം ചെയ്തു. ഇന്ന് വൈകിട്ട് 7.30ന് പരുമല സെന്റ് ഗ്രീഗോറിയോസ് മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലിലായിരുന്നു അന്ത്യം. 2010ന് സ്ഥാനത്യാഗം ചെയ്ത് വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.

തിരുവല്ല നെടുമ്പ്രം മുളമൂട്ടില്‍ ഇട്ടിയവിരാ തോമസിന്റെയും മാവേലിക്കര ചിറമേല്‍ ശോശാമ്മയുടെയും നാലാമത്തെ പുത്രായി 1921 ഒക്ടോബര്‍ 29ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസാന്തരം 1939ല്‍ പത്തനാപുരം മൌണ്ട് താബോര്‍ ദയറായില്‍ ചേര്‍ന്ന് ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1945ല്‍ കോട്ടയം സി.എം.എസ്. കോളജില്‍ നിന്ന് ഇന്റര്‍മീഡിയേറ്റും 1951ല്‍ തൃശ്ശിനാപ്പള്ളി നാഷണല്‍ കോളജില്‍ നിന്ന് ബി.എ.യും, 1954ല്‍ മദ്രാസ് മെസ്റണ്‍ ട്രെയിനിംഗ് കോളജില്‍ നിന്ന് ബി.റ്റി.യും, 1981ല്‍ കോണ്‍പൂര്‍ ക്രൈസ്റ് ചര്‍ച്ച് കോളജില്‍ നിന്ന് എം.എ.യും കരസ്ഥമാക്കി.

പുണ്യശ്ളോകനായ തോമാ മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്തായുടെയും പരിശുദ്ധ ബസേലിയോസ് ഔഗേന്‍ കാതോലിക്കാ ബാവായുടെയും ശിക്ഷണത്തില്‍ വൈദികപരിശീലനം പൂര്‍ത്തിയാക്കി. 1941ല്‍ ശെമ്മാശപട്ടവും, 1950ല്‍ കശ്ശീശാപട്ടവും, പ.ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായില്‍ നിന്ന് സ്വീകരിച്ചു. തുടര്‍ന്ന് കുന്നന്താം സെന്റ് മേരീസ്, വേങ്ങല്‍ സെന്റ് ജോര്‍ജ്ജ് എന്നീ ഇടവകകളില്‍ വികാരിയായി സേവനം അനുഷ്ഠിച്ചു.

തൃശ്ശിനാപ്പള്ളി പൊന്നയ്യാ ഹൈസ്കൂള്‍, സെന്റ് സ്റീഫന്‍സ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ ഹെഡ്മാസ്റര്‍, പത്തനാപുരം സെന്റ് സ്റീഫന്‍സ് കോളജ് ഇംഗ്ളീഷ് വിഭാഗം പ്രൊഫസര്‍-വൈസ് പ്രിന്‍സിപ്പാള്‍, ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനം പ്രസിഡന്റ് എന്നീ നിലകളില്‍ സ്തുത്യാര്‍ഹമായി പ്രവര്‍ത്തിച്ചു.

1965ല്‍ പരിശുദ്ധ ബസേലിയോസ് ഔഗേന്‍ കാതോലിക്കാ ബാവാ റമ്പാന്‍ സ്ഥാനം നല്‍കി. 1966 ഓഗസ്റ് 24ന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് പള്ളിയില്‍വെച്ച് നടന്ന മെത്രാന്‍ സ്ഥാനാഭിഷേകത്തില്‍ തോമസ് മാര്‍ തിമോത്തിയോസ് എന്ന നാമധേയത്തില്‍, പരിശുദ്ധ ബസേലിയോസ് ഔഗേന്‍ കാതോലിക്കാ ബാവാ മെത്രാപ്പോലീത്തയായി വാഴിച്ചു. 1966 നവംബര്‍ 11ന് മലബാര്‍ ഭദ്രാസനാധിപായി നിയമിതനായി. മലബാര്‍ ഭദ്രാസത്തിന്റെ ആധുനിക ശില്പിയാണ്.

പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങള്‍, റഷ്യ, അര്‍മ്മീനിയ, റൂമിനിയ, അമേരിക്ക, കാനഡ, ഇംഗ്ളണ്ട്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 23 വര്‍ഷം പത്തനാപുരം ദയറായില്‍ സന്യാസവൃത്തിയില്‍ ജീവിച്ച ഇദ്ദേഹം നാളിതുവരെയും പത്തനാപുരം മൌണ്ട് താബോര്‍ ദയറായുടെയും മഠത്തിന്റെയും സുപ്പീരിയറും മറ്റ് സ്ഥാപനങ്ങളുടെ മാനേജരുമായിരുന്നു.
1992 സെപ്റ്റംബര്‍ 10ന് പരുമലയില്‍ നടന്ന മലങ്കര അസോസിയേഷന്‍ നിയുക്ത കാതോലിക്കയായി ഐഖ്യകണ്ഠേന നിയമിതനായി. 2005 ഒക്ടോബര്‍ 31ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവായായി സ്ഥാനം ഏറ്റു.