2014, മേയ് 6, ചൊവ്വാഴ്ച

പുതുപ്പള്ളി ഭക്തിസാന്ദ്രം: പ്രധാന പെരുന്നാള്‍ ഇന്നും നാളെയും



പൗരസ്ത്യ ജോര്‍ജിയന്‍ തീര്‍ഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ പെരുന്നാളിന്റെ പ്രധാന ദിനങ്ങള്‍ ഇന്നും നാളെയും. വിശ്വാസ പ്രാധാന്യവും ആചാരത്തനിമയും നിറയുന്ന പെരുന്നാള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ നാടിന്റെ നാനാ ദിക്കുകളില്‍ നിന്നും ഒഴുകിയെത്തുന്ന തീര്‍ഥാടകരുടെ തിരക്കിലായി പുതുപ്പള്ളി ദേശം.

പെരുന്നാളിന്റെ ഭാഗമായ വിശ്വാസ പ്രാധാന്യം നിറഞ്ഞ വെച്ചൂട്ടും കുട്ടികള്‍ക്കുള്ള ആദ്യ ചോറൂണും നാളെയാണ്. ഇന്നു ഒന്‍പതിന് അഞ്ചിന്മേല്‍ കുര്‍ബാനയ്ക്കു ഡോ. യൂഹാനോന്‍ മാര്‍ തോവോദോറോസ് മുഖ്യകാര്‍മികത്വം വഹിക്കും. 11നു പെരുനാള്‍ ദിനങ്ങളില്‍ മാത്രം സ്ഥാപിക്കുന്ന പൊന്നിന്‍കുരിശ് മദ്ബഹായില്‍ സ്ഥാപിക്കും. രണ്ടിനു വിറകിടീല്‍ ഘോഷയാത്ര. അഞ്ചിനു വിറകിടീല്‍, 5.30നു പ്രസിദ്ധമായ പന്തിരുനാഴി പുറത്തെടുക്കല്‍, ആറിനു സന്ധ്യാനമസ്‌ക്കാരത്തിനു ജോസഫ് മാര്‍ ദിവന്നാസിയോസ് കാര്‍മികത്വം വഹിക്കും. നിലക്കല്‍പള്ളി, പുതുപ്പളളി കവല ചുറ്റിയുള്ള ആഘോഷപൂര്‍വമായ പ്രദക്ഷിണം എട്ടിനു നടക്കും. 10നു കരിമരുന്ന് കലാപ്രകടനം. 10.30നു ഗീവര്‍ഗീസ് സഹദായുടെ തിരുശേഷിപ്പിനു മുന്നില്‍ അഖണ്ഡപ്രാര്‍ഥന ആരംഭിക്കും.

നാളെ പുലര്‍ച്ചെ ഒന്നിനു വെച്ചൂട്ടിനു അരിയിടും. ഒമ്പതിനു ഒമ്പതിന്മേല്‍ കുര്‍ബാനയ്ക്കു അലക്‌സിയോസ് മാര്‍ യൗസേബിയോസ് മുഖ്യകാര്‍മികത്വം വഹിക്കും. 11നു ശ്ലൈഹിക വാഴ്‌വ്. 11.10നു പ്രസിദ്ധമായ വെച്ചൂട്ടും കുഞ്ഞുങ്ങള്‍ക്കുള്ള ആദ്യ ചോറൂണും. രണ്ടു മണിക്കു അങ്ങാടി, ഇരവിനല്ലൂര്‍ കവല ചുറ്റിയുള്ള പ്രദക്ഷിണം.നാലിനു അപ്പവും കോഴിയിറച്ചിയും നേര്‍ച്ചവിളമ്പ്.