2014, മേയ് 5, തിങ്കളാഴ്‌ച

ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി പുതുപ്പള്ളി വലിയപള്ളി




പുതുപ്പള്ളി: ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകുകയെന്ന െ്രെകസ്തവദൗത്യം നിറവേറ്റുകയാണ് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി. പെരുന്നാളാഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച നടന്ന പൊതുസമ്മേളനത്തില്‍ ഒന്നേകാല്‍ കോടി രൂപയുടെ ജീവകാരുണ്യ, സേവനപ്രവര്‍ത്തനങ്ങളാണ് പ്രഖ്യാപിച്ചത്.

വിവാഹധനസഹായ വിതരണമുള്‍െപ്പടെ പള്ളിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളുടെ വിപുലീകരണമാണ് സംഘാടകര്‍ ലക്ഷ്യംെവയ്ക്കുന്നത്. ഒമ്പത് വിഭാഗങ്ങളിലാി ഭവനദാനം, പഠനസഹായം, വിവാഹം, വൈദ്യസഹായം, അവയവദാനം, രക്തദാന പദ്ധതി, അപകട, പ്രഥമശുശ്രൂഷ പദ്ധതി തുടങ്ങിയവയാണ് നടപ്പാക്കുന്നത്.

പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. പുതുപ്പള്ളി പള്ളി നാടിന്റെ നന്മയും ഐശ്വര്യവുമായി നിലനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ സി.കെ.മേനോനെ പുതുപ്പള്ളി പള്ളി ഇടവകാംഗങ്ങള്‍ 'ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ്' ബഹുമതി നല്‍കി ആദരിച്ചു. മംഗളപത്രം വായിച്ചശേഷം മെത്രാപ്പോലീത്തയും മുഖ്യമന്ത്രിയും ചേര്‍ന്ന് സി.കെ.മേനോന് ഉപഹാരം നല്‍കി. പള്ളി കൈക്കാരന്മാരായ ലിജോയ് വര്‍ഗീസ് കളപ്പുരയ്ക്കല്‍, കെ.ജോര്‍ജ് കൊടുവത്ത് കരോട്ട് എന്നിവര്‍ ചേര്‍ന്ന് വിശിഷ്ടാതിഥിയായി പങ്കെടത്ത സിനിമാതാരം ദിലീപിന് ഉപഹാരം നല്‍കി. പെരുന്നാളിന്റെ ഭാഗമായി നടത്തിയ ചിത്രരചനാ മത്സര വിജയികള്‍ക്ക് ദിലീപ് സമ്മാനങ്ങള്‍ നല്‍കി. പള്ളിയുടെ കീഴിലുള്ള ജോര്‍ജിയന്‍ പബ്‌ളിക് സ്‌കൂളിന്റെ സി.ബി.എസ്.ഇ. അഫിലിയേഷന്‍ പ്രഖ്യാപനവും ഇതോടൊപ്പം നടന്നു.

മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, രമേശ് ചെന്നിത്തല, പുതുപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശശികലാദേവി എന്നിവര്‍ പ്രസംഗിച്ചു. വികാരി ഫാ. മാത്യു വര്‍ഗീസ് വലിയപീടികയില്‍ സ്വാഗതവും സെക്രട്ടറി എബി മാത്യു പരവന്‍പറമ്പില്‍ നന്ദിയും പറഞ്ഞു.