2014, മേയ് 8, വ്യാഴാഴ്‌ച

വെച്ചൂട്ടിന് ഭക്തസഹസ്രങ്ങള്‍


പുതുപ്പള്ളി: മാനം തെളിഞ്ഞുനിന്ന അന്തരീക്ഷത്തില്‍ പുതുപ്പള്ളി പള്ളി പ്പെരുന്നാളിന്റെ ഭാഗമായുള്ള വെച്ചൂട്ടില്‍ പങ്കെടുത്തത് ഭക്തസഹസ്രങ്ങള്‍. വെച്ചൂട്ടില്‍ പങ്കെടുക്കാന്‍ സൗകര്യമൊരുക്കുംവണ്ണം മഴ മാറിനിന്നത് ഭക്തജനങ്ങള്‍ക്ക് അനുഗ്രഹമായി.


പെരുന്നാള്‍ദിനത്തില്‍ രാവിലെനടന്ന ഒന്‍പതിന്മേല്‍ കുര്‍ബാനയ്ക്ക് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അലക്‌സിയോസ് മാര്‍ യൗേസബിയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വംവഹിച്ചു. ശ്ലൈഹിക വാഴ്വിനെതുടര്‍ന്ന് 11.30ഓടെ വെച്ചൂട്ട് ആരംഭിച്ചു. പള്ളിക്കുമുമ്പില്‍ കൊടൂരാറിന്റെ തീരത്ത് ഒരുക്കിയ വിശാലമായ പന്തലിലും പള്ളി ഓഡിറ്റോറിയത്തിനകത്തുമായി വെച്ചൂട്ട് നടന്നു.
പതിനഞ്ചിലേറെ കൗണ്ടറുകളില്‍നിന്ന് വരിനിന്നെത്തിയവര്‍ക്ക് ചോറും കറികളും നല്‍കി. ചോറ്, മാങ്ങാക്കറി, ചമ്മന്തിപ്പൊടി, മോര് എന്നിവയടങ്ങിയ സസ്യാഹാരമാണ് വിളമ്പിയത്. കൊച്ചുകുട്ടികള്‍ക്കുവേണ്ടി നടന്ന ആദ്യചോറൂട്ടിലും നൂറുകണക്കിന് കുരുന്നുകള്‍ പങ്കെടുത്തു. അങ്ങാടി, ഇരവിനല്ലൂര്‍ കവലചുറ്റിയുള്ള പ്രദക്ഷിണം പള്ളിയിലെത്തിയശേഷം അപ്പവും കോഴിയിറച്ചിയും നേര്‍ച്ച വിളമ്പും നടന്നു.