2014, മേയ് 7, ബുധനാഴ്‌ച

പുതുപ്പള്ളി വെച്ചൂട്ട് ഇന്ന്


പുതുപ്പള്ളി * എട്ടുനാടും കീര്‍ത്തികേട്ട പുതുപ്പള്ളി പള്ളിയിലെ ചരിത്രപ്രസിദ്ധമായ വെച്ചൂട്ട് ഇന്ന്. സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലെ ചരിത്രപ്രസിദ്ധമായ പെരുന്നാളിന്റെ ഭാഗമായ ഭക്തിയുടെ രുചിക്കൂട്ടൊരുക്കുന്ന വെച്ചൂട്ടില്‍ പങ്കെടുക്കാന്‍ തീര്‍ഥാടക സഹസ്രങ്ങള്‍ ഒഴുകിയെത്തും. ഇന്നു 11.10നു വെച്ചൂട്ട് ആരംഭിക്കും. നൂറുകണക്കിനു കുരുന്നുകള്‍ക്ക് ആദ്യചോറൂട്ടും പള്ളിയില്‍ നടത്തും. പുതുപ്പള്ളി പള്ളിയുടെ സവിശേഷതയാണ് വെച്ചൂട്ടും കുഞ്ഞുങ്ങള്‍ക്കുള്ള ആദ്യചോറൂട്ടും. നേര്‍ച്ചയായി വിളമ്പുന്ന ചോറ് ദിവ്യഔഷധമെന്നു ഭക്തര്‍ വിശ്വസിക്കുന്നു.

ഭവനങ്ങളില്‍ കൊണ്ടുപോയി നേര്‍ച്ചച്ചോറ് ഉണക്കിസൂക്ഷിക്കുന്നവരുമുണ്ട്. വൈദികരുടെ നേതൃത്വത്തിലാണ് കുഞ്ഞുങ്ങള്‍ക്കുള്ള ആദ്യചോറൂട്ട് നടത്തുന്നത്. 751 പറ അരിയുടെ ചോറാണ് വെച്ചൂട്ടിനായി തയാറാക്കുന്നത്. ഉച്ചകഴിഞ്ഞു പ്രദക്ഷിണത്തിനുശേഷം നേര്‍ച്ചവിളമ്പും നടത്തും. രണ്ടിന് അങ്ങാടി ഇരവിനെല്ലൂര്‍ കവല ചുറ്റി ആഘോഷപൂര്‍വമായ പ്രദക്ഷിണം നടത്തും. അപ്പവും കോഴിയുമാണ് നേര്‍ച്ചയില്‍ വിളമ്പുക. അപ്പം ഇടവകയിലെ ഭവനങ്ങളില്‍ നിന്നും തീര്‍ഥാടകരില്‍ നിന്നും നേര്‍ച്ചയായി ലഭിക്കുന്നതാണ്.

ഭക്തിയുടെ പൊന്‍പ്രഭ ചൊരിഞ്ഞു പൊന്നിന്‍കുരിശ് മദ്ബഹായില്‍ സ്ഥാപിച്ചു. പെരുന്നാള്‍ ദിനങ്ങളില്‍ മാത്രം പുറത്തെടുക്കുന്ന ദിവ്യമായ പൊന്നിന്‍കുരിശ് ദര്‍ശിച്ചു പ്രാര്‍ഥിക്കാന്‍ തീര്‍ഥാടകരുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. യൂഹാനോന്‍ മാര്‍ തേവോദോറോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന അഞ്ചിന്മേല്‍ കുര്‍ബാനയ്ക്കു ശേഷമായിരുന്നു പൊന്നിന്‍കുരിശ് മദ്ബഹായില്‍ സ്ഥാപിക്കല്‍ ചടങ്ങു നടന്നത്.