2014, മേയ് 4, ഞായറാഴ്‌ച

ചലച്ചിത്രതാരം ദിലീപ് ഇന്ന് പുതുപ്പള്ളിയിലെത്തും


വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ മധ്യസ്ഥതയില്‍ പ്രാര്‍ഥിച്ച് അനുഗ്രഹം നേടാന്‍ ഭക്തജനപ്രവാഹം. പ്രധാന പെരുന്നാള്‍ ദിനങ്ങള്‍ക്കു നാളെ തുടക്കമാവും. പുതുപ്പള്ളി കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ വിവിധസ്ഥലങ്ങളില്‍നിന്ന് തീര്‍ഥാടകസമൂഹം എത്തിത്തുടങ്ങി. കഴിഞ്ഞദിവസങ്ങളില്‍ നടന്ന കണ്‍വന്‍ഷനില്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, റവ. ജോസഫ് സാമുവല്‍ കറുകയില്‍ കോറെപ്പിസ്‌കോപ്പ, ഫാ. മാത്യു ഏബ്രഹാം തലവൂരും പ്രസംഗിച്ചു.

പെരുന്നാളിന്റെ പ്രസിദ്ധ ചടങ്ങായ വെച്ചൂട്ടിനുള്ള മാങ്ങാ അരിയല്‍ മറിയാമ്മ ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു നേര്‍ച്ചകള്‍ സമര്‍പ്പിച്ചാണു തീര്‍ഥാടകര്‍ പ്രാര്‍ഥനയ്ക്ക് എത്തുന്നത്. കുരുമുളക്, എള്ള്, കടുക്, അരി, നെല്ല് തുടങ്ങി കാര്‍ഷിക വിഭവങ്ങളും കരപ്പനപ്പം, നെയ്യപ്പം, വറുത്ത അരി തുടങ്ങിയവയും തീര്‍ഥാടക സമൂഹം നേര്‍ച്ചയായി അര്‍പ്പിക്കുന്നു. കോഴി, കൃഷി വിളവെടുപ്പിലെ ആദ്യഫലങ്ങള്‍, മുത്തുക്കുട, മെഴുകുതിരി, എണ്ണ, കുന്തിരിക്കം തുടങ്ങിയവയും പുതുപ്പള്ളി പള്ളിയില്‍ നേര്‍ച്ചയായി എത്തുന്നു. കുരിശും തൊട്ടിക്കു ചുറ്റും വിളക്കുകത്തിക്കുക, മുട്ടിന്മേല്‍ നീന്തല്‍, ശയനപ്രദക്ഷിണം തുടങ്ങിയ ആചാരങ്ങളും ഭക്തര്‍ ഇവിടെ അനുഷ്ഠിച്ചു വരുന്നു. പ്രധാന പെരുന്നാള്‍ അഞ്ച്, ആറ്, ഏഴ് തീയതികളിലാണ്.

ഇന്ന് അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് കാര്‍മികത്വത്തില്‍ കുര്‍ബാനയ്ക്കു ശേഷം ചേരുന്ന പൊതുസമ്മേളനത്തില്‍ നോര്‍ക്ക ചെയര്‍മാന്‍ സി.കെ. മേനോന് ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ് ബഹുമതി നല്‍കും. ചലച്ചിത്രതാരം ദിലീപ് ചടങ്ങില്‍ പങ്കെടുക്കും. സമ്മേളനത്തില്‍ വച്ച് പുതുപ്പള്ളി പള്ളിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കും. ഇടവകാംഗങ്ങളുടെ അവയവദാന സമ്മതപത്രിക സര്‍ക്കാരിനു സമര്‍പ്പിക്കും. നാളെ (തിങ്കള്‍) ഇടവകയിലെ വിവിധ കുരിശടികളില്‍ നിന്നു പള്ളിയിലേക്കു പ്രദക്ഷിണം ഉണ്ടാകും.