2014, മേയ് 7, ബുധനാഴ്‌ച

പുതുപ്പള്ളിയിലേക്ക് തീര്‍ത്ഥാടക പ്രവാഹം; വെച്ചൂട്ട് ഇന്ന്


പുതുപ്പള്ളി: തോരാതെ പെയ്ത മഴ അകമ്പടിയേകിയ വിറകിടീല്‍ ഘോഷയാത്രയില്‍ ഭക്തജന സഹസ്രങ്ങള്‍ അത്യാദരപൂര്‍വ്വം പങ്കെടുത്തു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് തിമിര്‍ത്തുപെയ്ത മഴയെ അവഗണിച്ച് സഹദായോടുള്ള ഭക്തി പ്രകടമാക്കി സ്ത്രീകളും കുട്ടികളുമടക്കമുള്ള ഭക്തര്‍ പുതുപ്പള്ളി പള്ളിയിലേക്കെത്തി.
ആദ്യം പുതുപ്പള്ളിക്കവലയിലെ കുരിശടിക്കുമുമ്പില്‍ ഘോഷയാത്രയായി എത്തിയത് പുതുപ്പള്ളി കരയില്‍ നിന്നുള്ളവരാണ്. തുടര്‍ന്ന് എറികാട് കരക്കാര്‍എത്തി. ഇരുകരക്കാരും ഒരുമിച്ച് വാദ്യമേളങ്ങള്‍ ഗീവര്‍ഗീസ് സഹദായെ അനുസ്മരിക്കുന്ന പാട്ടുകള്‍, ആര്‍പ്പുവിളികള്‍ എന്നിവയോടെ പുതുപ്പള്ളി പള്ളിയിലേക്ക് തിരിച്ചു.


വിറകിടീല്‍ ഘോഷയാത്ര പള്ളിയങ്കണത്തില്‍ എത്തിയശേഷം പള്ളിക്കു മുന്നിലെ കല്‍ക്കുരിശ് വണങ്ങി പള്ളിക്ക് പ്രദക്ഷിണം ചെയ്ത്, കൊടൂരാറിന്റെ തീരത്ത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് വിറകുകള്‍ നിക്ഷേപിച്ചു. തുടര്‍ന്ന് വലിയ പെരുന്നാള്‍ദിനം വെച്ചൂട്ടിന് അരിവയ്ക്കുന്നതിനുള്ള പന്തിരുനാഴി ആഘോഷപൂര്‍വ്വം പുറത്തെടുത്തു. കുത്തുവിളക്കിന് പിന്നിലായി ഭക്തര്‍ പന്തിരുനാഴി കൈകളില്‍ ഉയര്‍ത്തി പള്ളിക്കുമുമ്പിലെ കല്‍ക്കുരിശിന് പ്രദക്ഷിണമായി പ്രത്യേകം ഒരുക്കിയ അടുപ്പില്‍ ഉറപ്പിച്ചു. തുടര്‍ന്ന് രാത്രി ഒരുമണിക്ക് വെച്ചൂട്ടിനുള്ള അരിയിടീല്‍ ചടങ്ങ് നടന്നു.


രാവിലെ നടന്ന അഞ്ചിന്മേല്‍ കുര്‍ബ്ബാനയ്ക്ക് യൂഹാനോന്‍ മാര്‍ തേവോദോറസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. രാത്രി ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്ത ഗീവര്‍ഗീസ് സഹദാ അനുസ്മരണ പ്രഭാഷണം നടത്തി. നിലയ്ക്കല്‍പള്ളി, പുതുപ്പള്ളി കവല ചുറ്റിയുള്ള പ്രദക്ഷിണത്തെ തുടര്‍ന്ന് ശ്ലൈഹിക വാഴ്വ്, കരിമരുന്ന് കലാപ്രകടനം, തിരുശേഷിപ്പിങ്കല്‍ അഖണ്ഡപ്രാര്‍ത്ഥന, രാത്രിനമസ്‌കാരം എന്നിവ നടന്നു.

വെച്ചൂട്ട് രാവിലെ 11.10ന്‌

പുതുപ്പള്ളി: പെരുന്നാള്‍ദിനത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ വെച്ചൂട്ട് ബുധനാഴ്ച രാവിലെ 11.10ന് നടക്കും. ഇതോടൊപ്പം കുഞ്ഞുങ്ങള്‍ക്കുള്ള ആദ്യചോറൂട്ടിനുള്ള അവസരമുണ്ട്. പുലര്‍ച്ചെ പ്രഭാതനമസ്‌കാരത്തെത്തുടര്‍ന്നുള്ള കുര്‍ബാനയ്ക്ക് ഫാ.തോമസ് വര്‍ഗീസ് കാവുങ്കല്‍ നേതൃത്വം നല്‍കും. 8ന് പ്രഭാതനമസ്‌കാരം, 9ന് അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ ഒമ്പതിന്മേല്‍ കുര്‍ബാന, ഉച്ചയ്ക്ക് 2ന് അങ്ങാടി ഇരവിനല്ലൂര്‍ കവലചുറ്റി പ്രദക്ഷിണം, 4ന് അപ്പവും കോഴിയിറച്ചിയും നേര്‍ച്ചവിളമ്പ് എന്നിവയുണ്ട്.

ഗതാഗത നിയന്ത്രണം

പുതുപ്പള്ളി: സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് പുതുപ്പള്ളിയിലും പരിസരത്തും ബുധനാഴ്ച നിയന്ത്രണം ഏര്‍പ്പെടുത്തി. മണര്‍കാടു ഭാഗത്തുനിന്ന് പുതുപ്പള്ളി ഭാഗത്തേക്കു വരുന്ന ഭാരവണ്ടികള്‍ കോട്ടയം ഭാഗത്തേക്ക് തിരിഞ്ഞു പോകണം. കഞ്ഞിക്കുഴി ഭാഗത്തുനിന്ന് പുതുപ്പള്ളി ഭാഗത്തേക്കുവരുന്ന സര്‍വീസ് ബസ്സുകളൊഴികെ എല്ലാ വാഹനങ്ങളും മന്ദിരം കലുങ്ക്, പൂമറ്റം, കവല, കാഞ്ഞിരത്തുംമൂട്, ഐ.എച്ച്.ആര്‍.ഡി. സ്‌കൂള്‍ ജങ്ഷന്‍, നാരകത്തോട്, വെട്ടത്തുകവല വഴി തിരിഞ്ഞു പോകണം. ഞാലിയാകുഴി ഭാഗത്തുനിന്നുള്ള സര്‍വീസ് ബസ്സുകള്‍ ഒഴികെയുള്ള എല്ലാ വാഹനങ്ങളും ഇരവിനല്ലൂര്‍ കലുങ്ക് ജങ്ഷനില്‍ നിന്ന് തിരിഞ്ഞ് കൊല്ലാടുവഴി പോകണം. പുതുപ്പള്ളി പള്ളിക്ക് മുന്‍വശത്തുകൂടി കടന്നുപോകുന്ന എല്ലാ സര്‍വീസ് ബസ്സുകളും പാത്രിയാര്‍ക്കീസ് പള്ളിക്കു സമീപമുള്ള കലുങ്കിന്റെ ഭാഗത്താണ് നിര്‍ത്തേണ്ടത്. പുതുപ്പള്ളി കവലമുതല്‍ പള്ളിറോഡ്, ബസ്സ്റ്റാന്‍ഡ് ഭാഗം റോഡ് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതല്ല. പള്ളിയിലേക്കുവരുന്ന തീര്‍ഥാടകരുടെ വാഹനങ്ങള്‍ ഇരവിനല്ലൂര്‍ കലുങ്കിനു സമീപവും നിലയ്ക്കല്‍പള്ളി ഗ്രൗണ്ടിലും ജോര്‍ജിയന്‍ സ്‌കൂള്‍ ഗ്രൗണ്ടിലും പാര്‍ക്കുചെയ്യാം.